പരിഷദ് ഭവൻ – സയൻസിടം

എന്താണ് സയൻസിടം ?

ശാസ്ത്രസാഹിത്യ പരിഷത്തിന്റെ തിരുവനന്തപുരം ജില്ലാ തല പ്രവർത്തനങ്ങളുടെ കേന്ദ്രമാണ് പരിഷത്ത് ഭവൻ – സയൻസിടം. കേവലം ഒരു കെട്ടിടമോ സംഘടനാ ഓഫീസോ അല്ല, പഠനകേന്ദ്രവും ഗവേഷണവേദിയും ശാസ്ത്ര-സാമൂഹ്യ സംവാദ ഇടവും ഉൾപ്പെടുന്ന,ജനാധിപത്യ രീതിയിൽ പ്രവർത്തിക്കുന്ന ഒരു ബഹുമുഖ, ശാസ്ത്ര-സാമൂഹിക കേന്ദ്രമാണ് വിഭാവനം ചെയ്യപ്പെടുന്നത്.

ലക്ഷ്യങ്ങളും കാഴ്ചപ്പാടുകളും

കുട്ടികളിൽ ശാസ്ത്രകൗതുകം വളർത്തുന്ന ഒരു കേന്ദ്രം – അവർക്കു പരീക്ഷണങ്ങൾ നടത്താനും വായിക്കാനും ശാസ്ത്രവളർച്ചയ്ക്കൊപ്പം മുന്നേറാനും സഹായിക്കുന്ന ഒരു കേന്ദ്രം. യുവാക്കൾക്കു പുതിയ ശാസ്ത്രമുന്നേറ്റങ്ങൾ അറിയാനും ചർച്ചചെയ്യാനും പഠിക്കാനും സഹായിക്കുന്ന ഡിജിറ്റൽ സംവിധാനങ്ങളോടുകൂടിയ റിസോഴ്സ് സെന്റർ.

അവിടെ പരിഷത്തിന്റെയും വിവിധ ഗവേഷണസ്ഥാപനങ്ങളുടെയും പ്രസിദ്ധീകരണങ്ങളും ജേണലുകളും പുസ്തകങ്ങളും ലഭ്യമാകും. ജെൻഡർ പഠനങ്ങളും ലിംഗവിവേചനത്തിനെതിരെ ശാസ്ത്രത്തെ എങ്ങനെ ആയുധമാക്കാം എന്ന ആലോചനകളും നടക്കുന്ന ജെൻഡർ ന്യൂട്രൽ ഇടമായും പരിഷദ് ഭവനെ വിഭാവനം ചെയ്യുന്നു.

നാം വികസിപ്പിക്കുന്നതും ആർജ്ജിക്കുന്നതുമായ ഗ്രാമീണസാങ്കേതികവിദ്യകൾ കർഷകർക്കും തൊഴിലാളികൾക്കും സാധാരണജനവിഭാഗങ്ങൾക്കും കൈമാറാനും അവരുടെ കർമ്മമേഖലകൾ പുഷ്ടിപ്പെടുത്താൻ ഉതകുമാറു പരിവർത്തിപ്പിക്കാനും സൗകര്യമുണ്ടാകണം. കൂടാതെ, നാട്ടിലെ എല്ലാ ഗവേഷണസ്ഥാപനങ്ങളിലെയും ഗവേഷകർക്കും അവരുടെ ഗവേഷണങ്ങൾക്ക് ഒരു സാമൂഹികതലവും സാമൂഹികപങ്കാളിത്തവും കൊണ്ടുവരാനുള്ള വേദി കൂടിയാണ് സയൻസ് സെന്റർ.

ഇതിനെല്ലാം പുറമേ, പരിസ്ഥിതി, സാമൂഹികനീതി, ലിംഗനീതി, കുട്ടികളുടെയും വയോജനങ്ങളുടെയും ഭിന്നശേഷിക്കാരുടെയും അവകാശങ്ങൾ എന്നിവയെല്ലാം സംരക്ഷിക്കുന്ന, അത്തരം സംഘടനകളുടെ പ്രവർത്തകർക്കും ഒത്തുകൂടാനും ആശയസംവാദം നടത്താനും കഴിയുന്ന, ഒരു ജനാധിപത്യ-മതേതര-പുരോഗമന പൊതുവിടവുമാണ് ഈ മന്ദിരം.

പഠന കേന്ദ്രം

കുട്ടികൾക്കും യുവതലമുറയ്ക്കും ശാസ്ത്രത്തെ ആസ്വദിക്കാനും ഉൾക്കൊള്ളാനുമുള്ള അന്തരീക്ഷം.

ഗവേഷണ വേദി

ഗവേഷകർക്ക് തങ്ങളുടെ പ്രവർത്തനങ്ങളും അറിവുകളും പങ്കുവെച്ച് പൊതുജന പങ്കാളിത്തത്തോടെ പഠനങ്ങൾ നടത്താനുള്ള പ്ലാറ്റ്ഫോം.

സാമൂഹിക സംവാദ ഇടം

മതനിരപേക്ഷവും പുരോഗമനപരവുമായ ജനകീയ സംവാദങ്ങൾക്കുള്ള തുറന്ന ഇടം.

സൗകര്യങ്ങൾ

ശാസ്ത്രം, സമൂഹം, സംവാദം എന്നിവ ഒരുമിക്കുന്ന സമഗ്ര സൗകര്യങ്ങളാവും തിരുവനന്തപുരം പരിഷത്ത് ഭവൻ – സയൻസിടത്തിൽ ഉണ്ടാവുക

കുട്ടികളുടെ ശാസ്ത്ര പരീക്ഷണശാല

പരീക്ഷണങ്ങൾ, വായന, ചിന്ത എന്നിവയ്ക്കായി കുട്ടികളുടെ കൗതുകവും ചിന്താശേഷിയും വളർത്തുന്ന ഇടം.

റിസോഴ്‌സ് സെന്റർ (ഡിജിറ്റൽ കേന്ദ്രം)

പുതിയ ശാസ്ത്ര–സാങ്കേതിക പുരോഗതികൾ, പരിഷത്തിന്റെ പ്രസിദ്ധീകരണങ്ങൾ, ജേർണലുകൾ/പുസ്തകങ്ങൾ എന്നിവ ലഭ്യമാക്കുന്ന ഡിജിറ്റൽ സൗകര്യം.

ലൈബ്രറി

വായനക്കും ഗവേഷണത്തിനും നിശ്ശബ്ദവും സൗകര്യപ്രദവുമായ സമർപ്പിത ലൈബ്രറി.

ഡിജിറ്റൽ സ്റ്റുഡിയോ

വീഡിയോ/ഓഡിയോ/പോഡ്കാസ്റ്റ് നിർമ്മാണം, ഡിജിറ്റൽ പ്രചാരണം, പരിശീലനം എന്നിവയ്ക്കുള്ള മീഡിയ സൗകര്യം.

Scroll to Top